മുംബൈ: ഇന്ത്യൻ വ്യോമയാന മേഖലയിൽ കഴിഞ്ഞ ദിവസങ്ങളിൽ ഇൻഡിഗോ നേരിടുന്ന കടുത്ത പ്രതിസന്ധികൾക്കിടയിൽ, തന്ത്രപരമായ നീക്കങ്ങളുമായി സ്പൈസ് ജെറ്റ്. രണ്ട് പുതിയ ബോയിംഗ് 737 വിമാനങ്ങൾ കൂടി സ്പൈസ് ജെറ്റ് ഫ്ളീറ്റിലേക്ക് കൂട്ടിച്ചേർത്തു.
ഡൽഹി-ബാങ്കോക്ക്, അഹമ്മദാബാദ്- ദുബായ്, അഹമ്മദാബാദ്-കോൽക്കത്ത തുടങ്ങിയ പ്രധാന റൂട്ടുകളിലാണ് നിലവിൽ ഇവയുടെ സർവീസ്. എല്ലാ റെഗുലേറ്ററി നടപടിക്രമങ്ങളും പൂർത്തിയാക്കയിശേഷം കഴിഞ്ഞ മാസം 26, 29 തീയതികളിലാണ് വിമാനം വാണിജ്യ സർവീസിൽ പ്രവേശിച്ചത്.
ഓപ്പറേഷണൽ തകരാറുകൾ കാരണം ഇൻഡിഗോയോട് 5 ശതമാനം സർവീസുകൾ വെട്ടിക്കുറയ്ക്കാനാണ് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ ആവശ്യപ്പെട്ടത്. ഏകദേശം 110 പ്രതിദിന വിമാന സർവീസുകളാണ് മറ്റ് എയർലൈനുകൾക്ക് പുനഃക്രമീകരിക്കാൻ അധികൃതർ നിർദേശിച്ചത്.
ഈ സാഹചര്യത്തിൽ ഈ പുതിയ വിമാനങ്ങൾ കൂട്ടിച്ചേർത്തതിലൂടെ തിരക്കേറിയ സീസണിൽ വർധിച്ചുവരുന്ന യാത്ര ആവശ്യകത നിറവേറ്റാനുംയാത്ര മെച്ചപ്പെടുത്താനും സമയക്രമം കൃത്യതയോടെ പാലിക്കാനും സഹായിക്കുമെന്ന് സ്പൈസ് ജെറ്റ് കരുതുന്നു.
ഓഹരി വില ഉയർന്നു
കഴിഞ്ഞ മൂന്നു ദിവസത്തിനുള്ളിൽ സ്പൈസ് ജെറ്റ് ഓഹരിയിൽ 15 ശതമാനം വർധനവാണ് രേഖപ്പെടുത്തിയത്.